Jul 17, 2012

Secretariat Assistant Qualification- PSC rejected govt letter


Secretariat Assistant Qualification- PSC rejected govt letter




തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് ഹാജരാക്കിയാല്‍ മതിയെന്ന ഭരണപരിഷ്‌കാരവകുപ്പിന്റെ നിര്‍ദേശം പി.എസ്. സി. തള്ളി. ഒരു തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ അതിനു വേണ്ട അടിസ്ഥാന യോഗ്യത നേടിയിരിക്കണമെന്നതാണ് പി.എസ്.സിയുടെ നിലവിലുള്ള വ്യവസ്ഥ. അതില്‍ നിന്നു വ്യതിചലിക്കാനാവില്ല എന്നതാണ് പി.എസ്.സി കൈക്കൊണ്ട നിലപാട്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഈ മാസം അവസാനം വിജ്ഞാപനം പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. പി.എസ്.സി. പുതുക്കി നിശ്ചയിച്ച യോഗ്യതപ്രകാരമുള്ള ആദ്യ വിജ്ഞാപനമാകും ഇത്. ആറുമാസത്തെ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.) കോഴ്‌സ് പാസായിരിക്കണമെന്നതും യോഗ്യതകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത് ഇക്കഴിഞ്ഞ മെയ് 26ന് മാത്രമാണ്. വിജ്ഞാപനം വരും മുന്‍പ് യോഗ്യത നേടാനുള്ള സമയമില്ലാത്തത് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണപരിഷ്‌കാരവകുപ്പ് ഇതുസംബന്ധിച്ച നിര്‍ദേശം പി.എസ്.സിക്ക് നല്‍കിയത്. അപേക്ഷ സമര്‍പ്പിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് പരിശോധനാവേളയില്‍ യോഗ്യതാരേഖകള്‍ ഹാജരാക്കിയാല്‍ മതി എന്നതായിരുന്നു നിര്‍ദേശം. ഇതാണ് തിങ്കളാഴ്ച ചേര്‍ന്ന പി.എസ്.സി. യോഗം തള്ളിയത്.

നിലവിലുള്ള ചട്ടങ്ങളില്‍ നിന്ന് ഓരോ സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്തുന്നത്, അഴിമതിക്കുവരെ ഇടയാക്കിയേക്കുമെന്ന് പി.എസ്. സി. വിലയിരുത്തുന്നു. നേരത്തേ തന്നെ പി.എസ്.സി. അംഗീകരിച്ച ഏതാനും കംപ്യൂട്ടര്‍ കോഴ്‌സുകള്‍ പാസായവര്‍ക്കും പരീക്ഷയെഴുതാന്‍ അര്‍ഹതയുണ്ട്. ഈ സാഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതിയില്‍ യോഗ്യതയുള്ളവര്‍ മാത്രം പരീക്ഷയെഴുതിയാല്‍ മതിയെന്ന നിലപാടിലാണ് പി.എസ്.സി.

ഇതോടെ ഒരു ലക്ഷത്തില്‍ താഴെപ്പേരേ പരീക്ഷയെഴുതാന്‍ ഉണ്ടാകൂയെന്ന് കരുതുന്നു. സിവില്‍ സര്‍വീസസിലെ ആകര്‍ഷകമായ തസ്തികകളില്‍ ഒന്നായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ മൂന്നു ലക്ഷത്തിലേറെപ്പേര്‍ എഴുതാറുണ്ട് സാധാരണ. ഈ തസ്തികയിലേക്കുവേണ്ട പുതുക്കിയ യോഗ്യതകള്‍ സംബന്ധിച്ചും ധാരാളം ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നിരുന്നു.

No comments:

Post a Comment