Dec 6, 2013

Photo: Like Keralakaumudi
തിരുവനന്തപുരം:   പരീക്ഷാ ഹാളിൽ എത്തിയശേഷം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി  ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി പരീക്ഷ എഴുതാൻ അനുമതി നിഷേധിക്കരുതെന്ന് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
ഹാൾ ടിക്കറ്റിലും മറ്റും സാങ്കേതിക പിഴവ് ഉണ്ടെങ്കിൽ  ഉദ്യോഗാർത്ഥികളെ താത്ക്കാലികമായി പരീക്ഷ എഴുതാൻ അനുവദിച്ചശേഷം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. അന്തിമ തീരുമാനം പി.എസ്.സി എടുക്കട്ടെയെന്ന്  ട്രൈബ്യൂണൽ  നിർദ്ദേശിച്ചു.
വൊക്കേഷണൽ ഹയർ സെക്കൻഡറി അദ്ധ്യാപക തസ്തികയിലേക്ക്  നടത്തിയ  പരീക്ഷ എഴുതാൻ അനുമതി നിഷേധിക്കപ്പെട്ട പേട്ട സ്വദേശിനി ബിന്ദു രാധാകൃഷ്ണന്റെ  ഹർജിയിലാണ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായരുടെയും അംഗം മാത്യൂ സി.കുന്നുങ്കലിന്റെയും  ഉത്തരവ്. ഉദ്യോഗാർത്ഥി ഹാജരാക്കിയ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിൽ പി.എസ്.സിയുടെ വാട്ടർ മാർക്ക് എംബ്ളം പതിഞ്ഞിട്ടില്ലെന്ന കാരണം പറഞ്ഞ് പരീക്ഷാ ഹാളിലെ ഉദ്യോഗസ്ഥർ  അവസരം  നിഷേധിക്കുകയായിരുന്നു. പി.എസ്.സിയുടെ സോഫ്ട് വെയറിന്റെ തകരാർ  കാരണമാണ് എംബ്ളം തെളിയാത്തതെന്ന് പരാതിക്കാരി വാദിച്ചു. ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോൾ മോശപ്പെട്ട പ്രിന്റർ ഉപയോഗിച്ചതിനാലാണ് വാട്ടർമാർക്ക് തെളിയാത്തതെന്ന്  പി.എസ്.സി വാദിച്ചു.
ഉദ്യോഗാർത്ഥിയുടെ അപേക്ഷ നിരസിക്കാനുള്ള  അധികാരം പി.എസ്.സിക്കാണെന്ന് ട്രൈബൂണൽ വ്യക്തമാക്കി. പരീക്ഷാ ഹാളിലെ ഉദ്യോഗസ്ഥന് അത് നൽകാനാവില്ല. ഈ കേസിൽ പരാതിക്കാരിക്ക് അപരിഹാര്യമായ നഷ്ടമാണുണ്ടായത്. പരാതിക്കാരിയുടെ വാദം  ശരിയാണെന്ന് തെളിഞ്ഞാൽതന്നെ അതിന് പരിഹാരം കാണാനാവില്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. കേസ് അടുത്ത മാസത്തേക്ക് മാറ്റി.
പരാതിക്കാർക്ക് വേണ്ടി അഭിഭാഷകരായ പി.എ.അഹമ്മദ്, ഡോ.അബ്ദുൾ സമദ്  തുടങ്ങിയവർ ഹാജരായി.

No comments:

Post a Comment